നിയമവിരുദ്ധമായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അബുദാബി പോലീസ്. അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലൈനുകളിലൂടെ ഉൾപ്പെടെ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അബുദാബി പോലീസ് അറിയിച്ചത്.
നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ വാഹനങ്ങളെ മറികടക്കുന്നതിനായി മികച്ച രീതിയിലുള്ള ഡ്രൈവിംഗ് പരിശീലനങ്ങൾ ആവശ്യമാണെന്നും റോഡരികുകളിലുള്ള ഷോൾഡർ ലൈനുകൾ അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനും അടിയന്തിര സേവനങ്ങൾ നൽകുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ളതാണെന്നും പോലീസ് വ്യക്തമാക്കി.