വാഹനങ്ങളുടെ ടയറിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും മോശമായ ടയറുകൾ ഉള്ള വാഹനം റോഡിലിറക്കരുതെന്നുമുള്ള കർശന നിർദേശവുമായി അബുദാബി പൊലീസ്. മോശം അവസ്ഥയിലുള്ള ടയറുമായി വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
പൊട്ടിയ ടയറുകളുമായി യാത്രചെയ്തതിനേത്തുടർന്ന് വാഹനം അപകടത്തിൽപെടുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് അബൂദാബി പൊലീസ് നിർദേശം നൽകിയത്. അഞ്ചുവരി പാതയിലൂടെയുള്ള ഓട്ടത്തിനിടെ വാഹനത്തിന്റെ പിന്നിലെ ടയർപൊട്ടുകയും വലതുവശത്തെ കോൺക്രീറ്റ് വേലിയിൽ ഇടിച്ചുകയറുന്നതുമാണ് വീഡിയോ. അപകടസമയം സ്കൂൾ ബസ് ഉൾപ്പെടെ പത്തിലേറെ വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ചിരുന്നെങ്കിലും മറ്റ് വാഹനങ്ങൾ അപകടത്തിൽ നിന്ന് ഒഴിവാകുകയായിരുന്നു.
#أخبارنا | #شرطة_أبوظبي تدعو السائقين لفحص إطارات مركباتهم تحت شعار "سلامة مركبتك من سلامتك"
التفاصيل :
https://t.co/X2vV8nd8S6#صيف_بأمان #سلامة_مركبتك_من_سلامتك#خطورة_الاطارات pic.twitter.com/wykUkdtzs3— شرطة أبوظبي (@ADPoliceHQ) July 4, 2023
ചൂടുകാലത്ത് ചക്രങ്ങളിലെ വായുസമ്മർദം കൂടാൻ സാധ്യതയുള്ളതിനാൽ ടയറുകൾ തുടർച്ചയായി പരിശോധിക്കണമെന്നും ഡ്രൈവിങ്ങിനിടെ അസ്വാഭാവികത തോന്നിയാലുടൻ വാഹനം സുരക്ഷിതമായി നിർത്തിയശേഷം എൻജിൻ ഓഫാക്കണമെന്നും വാഹനങ്ങൾക്ക് അനുയോജ്യമായ ടയറുകളാവണം ഉപയോഗിക്കേണ്ടതെന്നും പൊലീസ് പറഞ്ഞു. നിർമ്മിച്ച വർഷം, ദീർഘദൂര യാത്രകൾക്ക് ഗുണം ചെയ്യുന്നതാണോ, റോഡ് ഗ്രിപ് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ടയറുകൾ വാങ്ങുന്നതിനുമുമ്പ് ഉറപ്പാക്കിയിരിക്കണമെന്നും പൊലീസ് പറഞ്ഞു.