ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ പലിശയില്ലാതെ ഗഡുക്കളായി അടക്കാനുള്ള സംവിധാനവുമായി അബുദാബി പൊലീസ്. സ്മാർട്ട് സേവനമാണ് ഇതിനായി അബുദാബി പൊലീസ് ഒരുക്കിയിരിക്കുന്നത്. ആധുനിക പൊലീസിന് സ്മാർട്ട് സേവനങ്ങൾ എന്ന കാമ്പയിനിന്റെ ഭാഗമായാണ് നടപടി. ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടക്കുന്നത് പ്രോത്സാഹിപ്പിക്കാനും പിഴയടച്ച് മറ്റ് ഫൈനുകളിൽ നിന്ന് ഒഴിവാകാൻ ഡ്രൈവർമാർക്ക് ബോധവത്കരണം നൽകുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
60 ദിവസത്തിനകം പിഴ അടക്കുന്നവർക്ക് 35 ശതമാനം ഇളവും ഒരു വർഷത്തിനകം പിഴ അടക്കുന്നവർക്ക് 25 ശതമാനവും ഇളവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ബാങ്കുകളിൽ ഇതനായുള്ള സേവനം നിലവിൽ ലഭ്യമാക്കിയിട്ടുണ്ട്. അബുദാബി കൊമേഴ്ഷ്യൽ ബാങ്ക് (എ.ബി.സി.ബി), അബുദാബി ഇസ്ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), ഫസ്റ്റ് അബുദാബി ബാങ്ക് (എഫ്.എ.ബി), മഷ്രിഖ് അൽ ഇസ്ലാമി, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയാണ് സ്മാർട്ട് സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ള ബാങ്കുകൾ. സ്മാർട്ട് സേവനം ലഭിക്കാൻ ഈ ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ക്രെഡിറ്റ് കാർഡ് നേടേണ്ടതായുണ്ട്.
ബാങ്കുകൾക്ക് പുറമെ അബുദാബി പൊലീസിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ, താം ആപ്ലിക്കേഷൻ, താം വെബ്സൈറ്റ്, ഡിജിറ്റൽ കിയോസ്ക്, കസ്റ്റമർ സർവീസ് സെന്റർ എന്നിവ മുഖാന്തരവും പിഴ അടക്കാൻ സാധിക്കും. ഇതിനായി എമിറേറ്റ് ഐ.ഡി, വാഹനത്തിന്റെ രജിസ്ട്രേഷൻ കാർഡ്, വാഹന ഉടമയുടെയോ ഉടമയുടെ പ്രതിനിധിയുടെയോ സന്നിധ്യം എന്നിവ ആവശ്യമാണ്. ഇതിനായി പ്രത്യേക ഫീസ് ഈടാക്കില്ല.