എമിറേറ്റിലെ സമുദ്രജീവികളെ സംരക്ഷിക്കുന്ന പദ്ധതിക്ക് പിന്തുണയുമായി അത്യാധുനിക സമുദ്ര ഗവേഷണ കപ്പൽ പുറത്തിറക്കി അബുദാബി. സമുദ്ര പരിസ്ഥിതിയും ജൈവവൈവിധ്യവും നിരീക്ഷിക്കാനും വിലയിരുത്താനും അബുദാബി പരിസ്ഥിതി ഏജൻസിയെ പ്രാപ്തമാക്കുന്നതാണ് സമുദ്രഗവേഷണ കപ്പല്‍. മിഡിൽ ഈസ്റ്റിലെ ആദ്യ സമാന സംരംഭമാണിത്.
ഏറ്റവും മികച്ചതും മൂല്യവത്തായതുമായ മുത്തുകളെ പ്രതിനിധാനം ചെയ്യുന്ന ജയ്വുൻ എന്ന വാക്കാണ് കപ്പലിന് പേരായി നല്‍കിയത്. 50 മീറ്റർ നീളമാണ് കപ്പലിനുളളത്. ഏറ്റവും പുതിയ ഗവേഷണ ഉപകരണങ്ങളുമായി ഏകദേശം 30 പേരെ ഉൾക്കൊള്ളാൻ കഴിയുന്നതാണിത്. ആറ് ലബോറട്ടറികളും വിദൂരമായി പ്രവർത്തിപ്പിക്കുന്ന അന്തർവാഹിനിയും കപ്പലിന്റെ പ്രത്യേകതയാണ്.
കപ്പൽ യുഎഇയുടെ അറേബ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ടെറിട്ടോറിയൽ പ്രവർത്തിക്കും. 10 മീറ്ററിൽ കൂടുതൽ ആഴത്തിലുള്ള വെള്ളത്തിൽ സമുദ്ര പരിസ്ഥിതിയെയും മത്സ്യബന്ധനത്തെയും കുറിച്ചുള്ള പഠനം പൂർത്തിയാക്കാൻ പരിസ്ഥിതി ഏജന്‍സിയെ സഹായിക്കുകയും ചെയ്യും. മത്സ്യസമ്പത്തും സമുദ്ര ജൈവവൈവിധ്യവും നിരീക്ഷിക്കാനും സംരക്ഷിക്കാനുമാണ് കപ്പൽ ഉപയോഗിക്കുകയെന്ന് പരിസ്ഥിതി ഏജന്‍സി മേധാവികൾ വ്യക്തമാക്കി.
യുവ എമിറാത്തി ഗവേഷകർക്കിടയിൽ അറേബ്യൻ ഗൾഫിലെ സമുദ്രശാസ്ത്രത്തിലും മത്സ്യബന്ധന പഠനങ്ങളിലുമുള്ള അഭിനിവേശം ജ്വലിപ്പിക്കാനും കപ്പലിന്റെ സേവനം സഹായിക്കുെമന്നാണ് നിഗമനം. ഓഷ്യാനിക് ഫിഷറീസിനായുള്ള ബ്ലൂ കാർബൺ അസസ്മെന്റ് പ്രോജക്റ്റ് പോലുള്ള നിരവധി പാരിസ്ഥിതിക സംരംഭങ്ങളെ പിന്തുണയ്ക്കാനും കപ്പലിനാകും.
2050-ഓടെ കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കാനുള്ള യുഎഇയുടെ തന്ത്രപരമായ സംരംഭത്തിന്റെ ഭാഗമായാണ് കപ്പല്‍ പുറത്തിറക്കിയത്. അബുദാബി പരിസ്ഥിതി ഏജന്‍സിയുടേയും അബുദാബി ഷിപ്പ് ബിൽഡിംഗ് കമ്പനിയുടേയും മേൽനോട്ടത്തിൽ സ്പെയിനിലെ വിഗോയിലുള്ള ഫ്രെയർ ഷിപ്പ് ബിൽഡിംഗ് കമ്പനിയാണ് കപ്പൽ വികസിപ്പിച്ചത്.
ആഴത്തിലുള്ള ജല സമുദ്ര പരിസ്ഥിതി സർവേകൾ, ഫിഷറീസ് റിസോഴ്സ് അസസ്മെന്റ് സർവേ, പവിഴപ്പുറ്റുകളുടെയും കടൽപ്പുല്ലിന്റെയും ആവാസവ്യവസ്ഥ സർവേകൾ, സമുദ്രജലത്തിന്റെ ഗുണനിലവാരവും അവശിഷ്ടവും സംബന്ധിച്ച പഠനങ്ങൾ, ജൈവ സർവേകൾ എന്നിവയുൾപ്പെടെ സമഗ്രമായ സമുദ്ര, മത്സ്യബന്ധന സർവേകൾ നടത്താൻ കപ്പലിന് ശേഷിയുണ്ടെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി ജനറല്‍ സെക്രട്ടറി ഡോ.ഷൈഖ പറഞ്ഞു.