ഒമാനിലെ ടാക്സി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി അധികൃതർ തയാറാക്കിയ ‘ആബർ’ ആപ്പിന്റെ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. ‘നിങ്ങളുടെ നിരക്ക് അറിയുക’ എന്ന തലക്കെട്ടോട് കൂടി ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് മാർക്കറ്റിങ്, ബോധവത്കരണ ക്യാമ്പയിൻ നടത്തുന്നത്.
ഗുണഭോക്താവിന്റെയും ഡ്രൈവറുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ടാക്സി പ്രവർത്തനം നിയന്ത്രിക്കാനും സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ടാക്സി ഉടമകൾക്ക് പരമാവധി നേട്ടമുണ്ടാക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പയിൻ നടക്കുന്നത്. ഇതിൽ ഒന്നാംഘട്ടമായ ഓൺലൈൻ ടാക്സികൾക്ക് വിമാനത്താവളങ്ങളിൽ സർവിസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച തുടക്കം കുറിച്ചിരുന്നു.
രണ്ടാംഘട്ടത്തിലൂടെ നവംബർ ഒന്ന് മുതൽ ടൂറിസ്റ്റ് കോംപ്ലക്സുകൾ, കമേഴ്സ്യൽ സെന്ററുകൾ, ഹോട്ടലുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിലും ഓൺലൈൻ ടാക്സികൾക്ക് പ്രവേശനം നൽകും. അതേസമയം അടുത്ത വർഷം ഒന്നു മുതൽ നിലവിലെ സാധാരണ ടാക്സികൾ നിർത്തലാക്കുകയും നിലവിലെ വെള്ള, ഓറഞ്ച് ടാക്സികൾ ആബർ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യും. കൂടാതെ ഇവ മൊബൈൽ ആപ്പുകൾ വഴി സർവിസ് നടത്തേണ്ടി വരുകയും ചെയ്യുന്നതാണ് മൂന്നാംഘട്ടം. ഇവയ്ക്കായി ആബർ ആപ്പിനും സർക്കാർ രൂപം നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷത്തോടെ ഒമാനിലെ എല്ലാ ചെറിയ ടാക്സികളും ആപ്പുകൾക്കുള്ളിൽ വരും.