18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ റഹീമിന്റെ വക്കീൽ സൗദി കോടതിക്ക് നൽകി. ദിയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരവും അപേക്ഷയിലുണ്ട്. ഹർജി കോടതി സ്വീകരിച്ചുവെന്ന കാര്യം പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും അറിയിച്ചു.
സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്ന് നിയമ വിദഗ്ദ്ധർ അറിയിച്ചു. ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി.
ഇതിന് ശേഷം വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീംകോടതി ശരി വെക്കുകയും വേണം. എങ്കിൽ മാത്രമേ റഹീമിന്റെ ശിക്ഷ റദ്ദാക്കുകയുള്ളു. ഇതിനെല്ലാം ശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർ പറഞ്ഞു. കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പിലാണ് റഹീമിന്റെ കുടുംബവും മലയാളി സമൂഹവും.