റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുവേണ്ടി മലയാളി സമൂഹം 34 കോടി രൂപയാണ് സമാഹരിച്ചത്. തുക സമാഹരണത്തിന് ശേഷം ഓരോ മലയാളിയും ദിവസേന അന്വേഷിക്കുന്ന ഒരു കാര്യമുണ്ട്. അബ്ദുൽ റഹീം എന്ന് മോചിതനാകും, എന്ന് നാട്ടിലെത്തും എന്നൊക്കെ ….
അബ്ദുൾ റഹിമീന്റെ മോചനം സംബന്ധിച്ച പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റഹീമിനു മാപ്പു നൽകാൻ തയാറാണെന്നു മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ അറിയിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാൻ തയാറാണെന്നാണ് സൗദി കുടുംബം അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ത്യൻ എംബസി പ്രതിനിധിയും സൗദിയിലെ അബ്ദുൽ റഹീം നിയമസഹായ സമിതി ഭാരവാഹികളും സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികൾ വേഗത്തിലാക്കാൻ നിയമസഹായ സമിതി ഊർജിത ഇടപെടൽ തുടരുന്നുണ്ട്.
ദയാധനം കൈമാറുന്നതു സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ആദ്യം ബാങ്കിൽ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. അതു പിന്നീട് ഇന്ത്യൻ എംബസി മുഖേനയാകും റിയാദ് കോടതി അറിയിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുക.