സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി രൂപയും സമാഹരിച്ചു. രണ്ടു ദിവസം ശേഷിക്കെയാണ് ദയാധനത്തിന് വേണ്ട പണം സമാഹരിച്ചത്.
18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 34 കോടി രൂപയും അക്കൗണ്ടിലെത്തിയതോടെ ഫണ്ട് കളക്ഷൻ അവസാനിപ്പിക്കുകയാണെന്ന് റഹീമിൻ്റെ മോചനത്തിനായി പ്രവർത്തിച്ച സഹായ സമിതി അറിയിച്ചു. വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുകയാണ് ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയതോതിൽ സഹായിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായിരുന്നു ജനകീയ സമിതിയുടെ രക്ഷാധികാരികൾ.
2006ൽ റിയാദിൽ ഡ്രൈവറാണ് അബ്ദുൾ റഹീം ജോലിക്കെത്തിയത്. റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനായ 15കാരനായ അനസ് അൽശഹ്‌രിയെ നോക്കുകയായിരുന്നു റഹിമിന്റെ പ്രധാനജോലി. അനസ്സിന് ചലനശേഷിയിരുന്നു. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു. 2006ൽ റിയാദിൽ ജോലിക്കെത്തി ഒരുമാസം തികയുംമുമ്പേയായിരുന്നു സംഭവം. ഈ കേസിലാണ് റഹീം ജയിലിൽ കഴിയുന്നത്.