അര നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം നടക്കുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണത്തിന് ഇന്ന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. എന്നാൽ ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അമേരിക്ക, കാനഡ, മെക്‌സിക്കോ, നോർത്ത് അമേരിക്കയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ നിർണായകമായ ദിവസമാണ് ഇന്ന്.
ഇന്ത്യൻ സമയം രാത്രി 9.12 നും ഏപ്രിൽ ഒൻപതിന് പുലർച്ചെ 2.22 വരെ നീണ്ടുനിൽക്കും. നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂർണ സൂര്യഗ്രഹണമായിരിക്കും ഇന്ന് ദൃശ്യമാകുക. ഗ്രഹണം നടക്കുമ്പോള്‍ ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ഉൾപ്പെടെയുള്ള ശാസ്ത്ര ഏജന്‍സികള്‍ വിപുലമായ സംവിധാനങ്ങളാണ് ലോകമെമ്പാടും ഒരുക്കിയിരിക്കുന്നത്. നാസയുടെ തത്സമയ വെബ്കാസ്റ്റിലൂടെ സൂര്യഗ്രഹണം എല്ലാവർക്കും കാണാനുമാകും.
സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂർണ സൂര്യഗ്രഹണം. ഈ സമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യൻ്റെ മുഴുവൻ ഡിസ്‌കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു.