സൗദി അറേബ്യയും ഇറാനും തമ്മിലുളള മഞ്ഞുരുകിയതോടെ ഇരു രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചു. ഔദ്യോഗിക- സ്വകാര്യ മേഖലാ വിമാന സർവീസുകളും ഉഭയകക്ഷി സന്ദർശനങ്ങളും പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. പൗരന്മാർക്ക് വിസ നൽകുന്നത് സംബന്ധിച്ചും ധാരണയായെന്ന് ഇരുരാജ്യങ്ങളും ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
എയർലൈനുകളുടെ ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുക, വ്യാപാരബന്ധം ശക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലും പരസ്പര സഹകരണം ഉണ്ടാകും. സഹകരണ വ്യവസ്ഥകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ വ്യോമയാന അഭിലാഷങ്ങളെ പരസ്പരം പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നത് ഇരു രാജ്യങ്ങളിലെയും യാത്രാ വിപണികൾക്ക് അനുകൂലമായ ചുവടുവയ്പ്പാണെന്ന് വ്യോമയാന മേഖയിലെ പ്രമുഖരും വിലയിരുത്തുന്നു.മധ്യേഷ്യയിലെ വിമാനയാത്രകളെ പ്രോത്സാഹിപ്പിക്കുന്നതാണ് നീക്കമെന്നാണ് പ്രധാന വിലയിരുത്തൽ. റിയാദ് എയർ, സൌദിയ തുടങ്ങിയ കമ്പനികൾക്കും നിയോം എയർലൈനുകൾ പോലെ പുതിയ സംരഭങ്ങൾക്കും കൂടുതൽ അവസരം തുറക്കുന്നതാണ് സംയുക്ത നീക്കം.
തുർക്കിഷ് എയർലൈൻസ്, ഫ്‌ളൈ ദുബായ്, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് എയർലൈനുകൾ എന്നിവയ്ക്ക് ഇറാനിലേക്കും പുറത്തേക്കുമുളള വിശാലമായ ഗതാഗതത്തെ സ്വാധീനിക്കാനും കഴിയും. ഇരുരാജ്യങ്ങൾക്കും ആഗോള ഗതാഗത, ലോജിസ്റ്റിക്‌സ് , ടൂറിസം ഹബ്ബായി മാറാനും പുതിയ വഴികളും സംജാതമാകും.