മക്ക-മദീന ഹറമുകളിലേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ്. ആറ് ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം വിശ്വാസികളാണ് മദീനയിലെ പ്രവാചകന്റെ പള്ളിയിൽ എത്തിയത്. വിശ്വാസികളുടെ തിരക്ക് വർധിക്കുന്നുണ്ടെങ്കിലും സൗകര്യപ്രദമായി ആരാധനകൾ നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സ്കൂൾ അവധിയും മെച്ചപ്പെട്ട കാലാവസ്ഥയുമാണ് വിശ്വാസികളുടെ തിരക്ക് വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. നവംബർ 15 മുതൽ 20 വരെ റൗദ ശരീഫിൽ പ്രാർത്ഥനയ്ക്കായി 1,35,242 പേർക്ക് പ്രവേശനം അനുവദിച്ചിരുന്നു. 4,67,221 സന്ദർശകർക്ക് പ്രവാചകൻ്റെയും അനുചരന്മാരുടെയും ഖബറിടങ്ങളിൽ സലാം പറയാനും അനുമതി നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
പ്രായമായവർക്കായി പ്രത്യേകം ഒരുക്കിയ സൗകര്യങ്ങൾ 16,772-ത്തിലധികം പേരാണ് ഉപയോഗിച്ചത്. നോമ്പെടുത്തവർക്കായി 1,19,400 ബോട്ടിൽ സംസം വെള്ളവും ഇഫ്‌താർ ഭക്ഷണവും വിതരണം ചെയ്‌തിരുന്നു. വിശ്വാസികളുടെ തിരക്ക് വർധിച്ചതോടെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.