കുന്നുകളും മലകളും താണ്ടിയുള്ള 20 ദിവസത്തെ യാത്ര. ഒടുവിൽ എത്തിനിൽക്കുന്നത് ലോകത്തിന്റെ നെറുകയിൽ. അതെ, ഒൻപതാമത്തെ വയസിൽ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ അക്കോൺകാഗ്വ കീഴടക്കി ദുബായിയുടെ അഭിമാനമായി മാറിയിരിക്കുകയാണ് അയൻ എന്ന വിദ്യാർത്ഥി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തികൂടി ആയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
ദുബായിലെ നോർത്ത് ലണ്ടൻ കൊളീജിയറ്റ് സ്കൂളിലെ വിദ്യാർത്ഥിയായ അയൻ തന്റെ മാതാപിതാക്കളായ സബൂറിനും വാണിക്കുമൊപ്പമാണ് അക്കോൺകാഗ്വ പർവ്വതം കീഴടക്കാനിറങ്ങിയത്. ജനുവരി 21ന് തങ്ങളുടെ യാത്ര ആരംഭിച്ച കുടുംബം 20 ദിവസത്തിന് ശേഷമാണ് അക്കോൺകാഗ്വയെ കാൽക്കീഴിൽ ഒതുക്കിയത്. 22,838 അടി ഉയരമുള്ള അക്കോൺകാഗ്വ പർവതത്തിൻ്റെ 19,600 അടി വരെയാണ് അയാൻ ഇപ്പോൾ കീഴടക്കിയിരിക്കുന്നത്. അയാന്റെ താത്പര്യങ്ങൾ മനസിലാക്കി തങ്ങളുടെ ജോലി വരെ മാറ്റിവെച്ചാണ് സബൂറും വാണിയും മകന്റെ സ്വപ്നത്തിന് തുണയാകുന്നത്.
പ്രതികൂലമായ പല അവസരങ്ങളിലും കാലാവസ്ഥയിലും ദൃഢനിശ്ചയത്തോടെ മുന്നോട്ടുനീങ്ങിയ ഈ കുടുംബം ഒടുവിൽ ലക്ഷ്യസ്ഥാനത്തെത്തുകയായിരുന്നു. ഈ നേട്ടത്തിന് മുമ്പ്, എൽബ്രസ് (റഷ്യ), കിളിമഞ്ചാരോ (ടാൻസാനിയ), മൗണ്ട് കോസ്സിയൂസ്കോ (ഓസ്ട്രേലിയ), മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ് (നേപ്പാൾ) എന്നിവയുൾപ്പെടെ നിരവധി കൊടുമുടികൾ അയാൻ കീഴടക്കിയിട്ടുണ്ട്.
പർവ്വതാരോഹണത്തോട് വലിയ താത്പര്യമുള്ള ഈ കൊച്ചുമിടുക്കൻ എല്ലാ വാരാന്ത്യങ്ങളിലും ഹത്തയിലെയും റാസൽ ഖൈമയിലെയും കുന്നുകൾ കയറുകയും ശരീരത്തെ ഇതിനായി പാകപ്പെടുത്തുകയും ചെയ്യും. വരും വർഷങ്ങളിൽ വലിയ നേട്ടങ്ങൾ കൊയ്യുന്നതിനായി.