യുഎഇയിൽ ചൊവ്വാഴ്ച തുടർച്ചയായി പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം കാരണം കഴിഞ്ഞ രണ്ട് ദിവസമായി ദുബായ് ഇൻ്റർനാഷണലിൽ (ഡിഎക്സ്ബി) റദ്ദാക്കിയത് മൊത്തം 884 വിമാന സർവ്വീസുകൾ. വെള്ളപ്പൊക്കം മൂലം ഡിഎക്സ്ബിയിൽ വലിയ നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. പിന്നാലെ വ്യാഴാഴ്ച രാവിലെ വിമാനത്താവളം ടെർമിനൽ 1-ൽ നിന്ന് ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമാണ് മഴ മൂലം വലഞ്ഞത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും മൊത്തം 884 ഫ്ലൈറ്റുകൾ റദ്ദാക്കി, 46 എണ്ണം ഡിഎക്സ്ബിയിൽ നിന്ന് വഴിതിരിച്ചുവിട്ടു. ഒരുഘട്ടത്തിൽ ദുബായ് എയർപോർട്ട്‌സ് യാത്രക്കാരോട് അത്യാവശ്യമല്ലാതെ “ടെർമിനൽ 1 ലേക്ക് വരരുതെന്ന്” അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു, കൂടാതെ എയർലൈനുകളുമായി അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യണമെന്നും യാത്രക്കാരോടായി ഡിഎക്സ്ബി അഭ്യർത്ഥിച്ചിരുന്നു.
അതേസമയം ദുബായ് ഇൻ്റർനാഷണൽ (DXB) ടെർമിനൽ 1 DXB-യിൽ നിന്ന് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ ഇൻബൗണ്ട് ഫ്ലൈറ്റുകൾ പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട് വ്യാഴാഴ്ച അറിയിച്ചു. “T1 DXB-യിൽ നിന്ന് പുറപ്പെടേണ്ട യാത്രക്കാർക്ക് സ്ഥിരീകരിച്ച ഫ്ലൈറ്റ് ബുക്കിംഗ് ഉണ്ടെങ്കിൽ മാത്രമേ ടെർമിനൽ 1 ലേക്ക് വരാവൂ എന്നും,” ദുബായ് എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികൂലമായ കാലാവസ്ഥ കാരണം DXB-യിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവച്ചത് ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ 9 വരെ നീട്ടിയിരുന്നു.