ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ 88 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് പങ്കാളികളാകുന്ന രാജ്യങ്ങളുടെ കമ്മീഷണർ ജനറൽമാരുമായി സംഘാടകരുടെ അവലോകന യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഇതിനിടെയാണ് എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം സംബന്ധിച്ച് അധികൃതർ വ്യക്തത വരുത്തിയത്.
എക്സ്പോ നടക്കാൻ മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പരിസ്ഥിതിയും, കൃഷിയും പ്രമേയമാകുന്ന ഹോർട്ടികൾചറൽ എക്സ്പോയിൽ രാജ്യങ്ങളുടെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് ഖത്തർ വേദിയൊരുക്കുന്നത്. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുചേരുന്ന എക്സ്പോയിൽ വിവിധ കലാപരിപാടികളും സാംസ്കാരിക വിരുന്നും സന്ദർശകർക്കായി ഒരുക്കും.