കിണർ കുത്തി വെള്ളമെടുക്കുക എന്നത് അത്ര നിസ്സാര കാര്യമല്ല. ഭൂമിക്കടിയിൽ വെള്ളം കാണുന്നതുവരെ കിണർകുത്തുന്നത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്. ചിലയിടങ്ങളിൽ വേഗം വെള്ളം ലഭിക്കും. ചിലയിടത്ത് നല്ല ആഴത്തിൽ തന്നെ കുത്തണം.
കർണാടകയിലെ സിർസിയിലുള്ള ഗൗരി നായിക് എന്ന 55 -കാരിയാണ് കിണർ കുത്തുന്നത്. അതും ഒറ്റയ്ക്ക്. സ്വന്തം വീട്ടിലെ ആവശ്യത്തിനല്ല ഇവർ കിണർ കുത്തുന്നത്. അങ്കണവാടിയ്ക്ക് വേണ്ടിയാണ് അൻപത്തഞ്ച് കാരിയുടെ കഷ്ടപാട് അത്രയും! ജലക്ഷാമം കൊണ്ട് പൊറുതിമുട്ടുകയാണ് ആ ഗ്രാമത്തിലെ ആളുകൾ. അപ്പോഴാണ് സമീപത്തെ അങ്കണവാടിയിലുള്ള കുട്ടികൾക്ക് വേണ്ടി അവർ തനിയെ ഒരു കിണർ കുത്തിയത്.
ഗൗരി നായിക് അങ്കണവാടി ജീവനക്കാരിയുമല്ല. പ്രദേശത്തെ അടയ്ക്ക വില്പനക്കാരിയാണ്. ജനുവരി 30 -നാണ് അവർ കുട്ടികൾക്ക് വേണ്ടി കിണർ കുത്തി തുടങ്ങിയത്. 12 അടി വരുന്ന കിണറാണ് ഗൗരി കുഴിച്ചത്. എന്നാൽ, അത് തടയാൻ വേണ്ടി വിമൻ ആൻഡ് ചിൽഡ്രൻ വെൽഫെയർ ഡിപാർട്മെന്റ് അധികൃതർ സ്ഥലത്തെത്തി. ഇതറിഞ്ഞതോടെ പ്രദേശവാസികളായ നൂറുകണക്കിനാളുകൾ അങ്കണവാടി പരിസരത്ത് തടിച്ചുകൂടി. ഗൗരിയ്ക്ക് പിന്തുണയുമായാണ് ജനം തടിച്ചു കൂടിയത്. അധികൃതർക്കെതിരെ ജനങ്ങളുടെ പ്രതിഷേധം കൂടിയായപ്പോൾ കിണർ തുടർന്നും കുഴിച്ചോളാൻ അധികൃതർ ഗൗരി നായിക്കിന് വാക്കാൽ അനുമതി നൽകുകയായിരുന്നു.
ഇതാദ്യമല്ല ഗൗരി കിണർ കുത്തുന്നത്. കവുങ്ങുകൾക്ക് വെള്ളം കൊടുക്കുന്നതിനായി വീടിനടുത്ത് കിണർ കുഴിച്ചിരുന്നു. പിന്നീടാണ് കുട്ടികൾ ജലക്ഷാമം അനുഭവിക്കുകയാണ് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയതെന്നും അങ്ങനെ കിണർ കുത്തിയെന്നുമാണ് ഗൗരി പറയുന്നത്.