അജ്‌മാനിലെ മത്സ്യത്തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനവുമായി അജ്മാൻ ഭരണാധികാരി. ബലിപെരുന്നാളിനോട് അനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യുമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമമിയാണ് ഉത്തരവിട്ടത്. അജ്‌മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്കാണ് തുക ലഭിക്കുക.
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. മത്സ്യത്തൊഴിലാളികൾക്കും കുടുംബത്തിനും മാന്യമായ ജീവിതം ഇതുവഴി ഉറപ്പാകുമെന്ന് അജ്‌മാൻ കിരീടാവകാശിയുടെ ഓഫീസ് തലവനും അജ്‌മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്‌ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംലാസി പറഞ്ഞു.
സ്വദേശികൾക്ക് പുറമെ അജ്മാനിൽ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും ഈ തീരുമാനം ഗുണപ്രദമാകും. എന്നാൽ തൊഴിലാളികൾക്ക് ഏത് രീതിയിലാണ് പണം വിതരണം ചെയ്യുക എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.