ഒമാനിലെ സൗത്ത് അൽ ബതീനയിൽ നിന്ന് 4,500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി. സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്നാണ് പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസം അധികൃതർ അറിയിച്ചു.
ഇരുമ്പുയുഗത്തിൽ നിന്നുള്ള മൺപാത്രങ്ങൾ, വെൺമുത്തുകൾ, കല്ല് കൊണ്ട് ഉണ്ടാക്കിയ മുത്തുകൾ മുതലായവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സാപിഎൻസ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഇറ്റാലിയൻ മിഷനും ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആന്റ് ടൂറിസവും ചേർന്ന് മേഖലയിൽ നടത്തിയ ഉൽഖനനപ്രവർത്തനങ്ങളിലാണ് അവശേഷിപ്പുകൾ ലഭിച്ചത്.
പുരാതന കാലഘട്ടം മുതൽ വിവിധ ചരിത്ര കാലഘട്ടങ്ങളിൽ മേഖലയിൽ ജനവാസകേന്ദ്രങ്ങൾ നിലനിന്നിരുന്നതിന്റെ തെളിവാണിതെന്ന് സൗത്ത് അൽ ബതീന ഗവർണറേറ്റിലെ ഹെറിറ്റേജ് ആന്റ് ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. അൽ മുതാസിം ബിൻ നാസർ അൽ ഹിലാലി പറഞ്ഞു.