കുവൈറ്റിലെ സുരക്ഷാ പരിശോധനയിൽ പിടിയിലാവുകയും മൂന്ന് ആഴ്ചത്തോളമായി ജയിലിൽ കഴിഞ്ഞു വരികയുമായിരുന്ന 19 മലയാളി നഴ്സുമാർ ഉൾപ്പെടെയുള്ള 34 ഇന്ത്യക്കാർ മോചിതരായി. നിയമനടപടി പൂർത്തിയാക്കിയതിന് ശേഷം ഇന്ന് നാടുകടത്താൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഇവരെ മോചിപ്പിച്ചത്. ജയിലിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ഇവരെ വീടുകളിലേക്ക് അയ്ക്കുകയുമായിരുന്നു.
നിയമലംഘകരെ കണ്ടെത്തുന്നതിനായി നടത്തിവരുന്ന തിരച്ചിലിനിടെയാണ് കുവൈറ്റിൽ ഇറാനി പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ 60 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ അഞ്ച് മലയാളി നഴ്സുമാർ മുലയൂട്ടുന്നവരായിരുന്നു. അറസ്റ്റിലായത് മൂലം ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാനാവാതെ പ്രയാസത്തിലായതിനെ തുടർന്ന് ഈ വിഷയത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടിരുന്നു. ഇതിനെ തുടർന്ന് ജയിലിൽ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ അവസരം ഒരുക്കി. എന്നാൽ മൂന്ന് മുതൽ 10 വർഷം വരെ ഇതേ സ്ഥാപനത്തിൽ നിയമാനുസൃതമായി ജോലി ചെയ്യുന്നവരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യക്കാരോടോപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ രാജ്യക്കാരെയും ഇന്നലെ മോചിപ്പിച്ചിരുന്നു. അതേസമയം ശസ്ത്രക്രിയാ മുറിയിൽ ലൈസൻസില്ലാത്തവരും മതിയായ യോഗ്യതയില്ലാത്തവരും ജോലി ചെയ്തിരുന്നു എന്ന കാരണത്താലാണ് അറസ്റ്റ് എന്നായിരുന്നു ഔദ്യോഗിക വൃത്തങ്ങൾ നൽകിയ വിശദീകരണം.