ഖത്തറിലെ വിവിധ ഇടങ്ങളിൽ 3300 പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചു. തിരക്കേറിയ പൊതു ഇടങ്ങളിലെ പാർക്കിങ് കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി ബ്ലിക് പാർക്കിങ് മാനേജ്മെൻറ് പ്രോജക്ടിന്റെ ഭാഗമായാണ് പാർക്കിംഗ് സെൻസറുകൾ സ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു. വെസ്റ്റ്ബേ, സെൻട്രൽ ദോഹ, കോർണിഷ് എന്നിവിടങ്ങളിലായാണ് 18,000 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുന്ന രീതിയിൽ സെൻസറുകൾ സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട് ഖത്തർ പ്രോഗ്രാം (ടാസ്മു) പദ്ധതിയ്ക്ക് കീഴിലാണ് നഗരത്തിലെ പാർക്കിംഗ് ലളിതവും അനായാസവുമാക്കുന്നതിന് വേണ്ടി പാർക്കിംഗ് മാനേജ്മെൻറ് സംവിധാനം നടപ്പാക്കുന്നത്.
പാർക്കിംഗ് റിസർവ്, നിയമലംഘനങ്ങൾ തടയൽ, ചാർജ് ഈടാക്കൽ തുടങ്ങിയ വിവിധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്മാർട്ട് ഖത്തർ പ്രോഗ്രാം. സാങ്കേതിക സംവിധാനങ്ങളോടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിൽ നിർദിഷ്ട ഇടങ്ങളിൽ മാത്രം വാഹന പാർക്കിംഗുകൾ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം വാഹന പാർക്കിംഗ് മാനേജ്മെൻറ് സംവിധാനം പൂർത്തിയാവുന്നതോടെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും നഗര ജീവിതം കൂടുതൽ സുഖകരവും ഗുണപ്രദവുമാക്കി മാറ്റാൻ കഴിയുമെന്നുമാണ് വിലയിരുത്തുന്നത്. കൂടാതെ പൊതു ഇടങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ ഒരുങ്ങുന്ന ഡ്രൈവർക്ക് പാർക്കിംഗ് ഇടം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. മാത്രമല്ല സുഗമമായി വാഹനം ഒതുക്കാനും പാർക്കിംഗ് ഫീസ് നിർണയിക്കാനുള്ള സാങ്കേതികവിദ്യയും സെൻസറിൽ വികസിപ്പിച്ചിട്ടുണ്ട്.
തിരക്കേറിയ മേഖലകളിലെ ക്യൂ ഒഴിവാക്കുന്നതിനും പാർക്കിംഗ് ലളിതമാക്കാനും ഒപ്പം ഡിജിറ്റലൈസിലൂടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സെൻസർ സംവിധാനത്തിലൂടെ കഴിയും. കൂടാതെ പൊതുജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയെന്നതും സെൻസർ സ്ഥാപിച്ചതിന്റെ പ്രഥമ ലക്ഷ്യമാണ്. 18,210 പാർക്കിംഗ് ലോട്ടുകൾ പൂർത്തിയാക്കിയതായി അശ്ഗാൽ ദോഹ സിറ്റി ഡിസൈൻ ടീം എൻജി. മുഹമ്മദ് അലി അൽ മർറി പറഞ്ഞു.