ജ്വല്ലറിയിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് അജ്മാൻ പൊലീസ്. ജ്വല്ലറിയിൽ നിന്ന് 11 ലക്ഷം ദിർഹം വിലമതിക്കുന്ന സ്വർണാഭരണങ്ങളും 40,000 ദിർഹം പണവുമാണ് സംഘം കവർന്നത്. മോഷണത്തിന് ശേഷം മൂവരും വസ്ത്രം മാറിയും മുഖംമൂടി ധരിച്ചും രക്ഷപ്പെടുകയായിരുന്നു.
മോഷണവിവരം ലഭിച്ചതനുസരിച്ച് എത്തിയ അജ്മാൻ പൊലീസ് ഷാർജ പൊലീസിന്റെ സഹായത്തോടെയാണ് അറബ് വംശജരായ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു 12 മണിക്കൂറിനുള്ളിൽ പ്രതികളെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും പണവും ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.
കവർച്ചാ സംഘം പ്രവേശിച്ചപ്പോൾ ജ്വല്ലറിയിൽ ബെൽ അലാറം അടിച്ചിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇതാണ് കവർച്ചയെക്കുറിച്ചറിയാൻ വൈകാൻ കാരണം.