റോഡ് സുരക്ഷയുടെ ഭാഗമായി ത്രൈമാസ സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ച് അജ്മാൻ പൊലീസ്. ‘നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷ നിങ്ങളുടെ സുരക്ഷയാണ്’ എന്ന പേരിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ട്രാഫിക് അവബോധം വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ബോധവത്കരണമാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന കാമ്പയിനിലൂടെ അജ്മാൻ പൊലീസ് നടപ്പിലാക്കുന്നത്.
വാഹനസുരക്ഷയ്ക്ക് മുൻകരുതൽ നൽകുക, വാഹന അറ്റകുറ്റപ്പണികൾ-ടയർ സുരക്ഷ എന്നിവ ഉറപ്പാക്കുക, വേനൽക്കാലത്ത് അമിതഭാരം കയറ്റാതിരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഡ്രൈവർമാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാഫിക് ആന്റ് പട്രോൾ വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സെയ്ഫ് അബ്ദുല്ല അൽ ഫലാസി പറഞ്ഞു.
വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവത്കരണം വ്യാപിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. റോഡിൽ അനുവദിച്ചിരിക്കുന്ന വേഗത പാലിക്കുന്നതിനും ട്രാഫിക് അപകടങ്ങൾ കുറക്കുന്നതിനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും പൊതുജനങ്ങളെ ബോധവാന്മാരാക്കി അപകടങ്ങൾ കുറയ്ക്കാനാണ് കാമ്പയിനിലൂടെ ശ്രമിക്കുന്നത്.