വരണ്ട ഭൂമിയിലേയ്ക്ക് ആശ്വാസത്തിന്റെ കിരണമായാണ് മഴയെത്തിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് യുഎഇയിൽ പെയ്ത ശക്തമായ മഴയ്ക്ക് തുല്യമായിരുന്നു കഴിഞ്ഞ ആഴ്ച തകർത്ത് പെയ്ത മഴ. ആലിപ്പഴ വർഷത്തോടെ തോരാതെ പെയ്ത മഴ കൃത്രിമമാണെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. അതെ, അഞ്ച് ദിവസത്തിനുള്ളിൽ 27 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങൾ നടത്തിയതോടെയാണ് മഴമേഘങ്ങൾ യുഎഇയ്ക്ക് തുണയായെത്തിയത്.
1990-കൾ മുതൽ യുഎഇ മഴയ്ക്കായി പിന്തുടരുന്ന രീതിയാണ് വിമാനങ്ങൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ്. യുഎഇയിൽ വാർഷിക മഴ മിക്കപ്പോളും എല്ലായിടത്തും 100 മില്ലിമീറ്ററിൽ താഴെയാണ് ലഭിക്കാറുള്ളത്. അതിതീവ്രമായ മഴ അപൂർവ്വമായി മാത്രമാണ് ഇവിടെ ലഭിക്കുന്നത്. അതിനാൽ രാജ്യത്ത് ജലശ്രോതസുകളും കുറവാണ്. കടൽവെള്ളം ശുദ്ധീകരിച്ചാണ് ഇവിടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇതിനിടെ ജലലഭ്യത ഉറപ്പാക്കുന്നതിനായാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്.
മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളെ കണ്ടെത്തി മഴയ്ക്കായുള്ള രാസപദാർത്ഥങ്ങൾ മേഘങ്ങളിൽ വിതറുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ചെറുവിമാനങ്ങളിൽ 25,000 അടിവരെ ഉയരത്തിൽ പറന്നാണ് ക്ലൗഡ് സീഡിങ് നടത്തുന്നത്. 50 ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമായി മാറുകയും ചെയ്യും.
താപനില ഉയർന്നതുൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ രാജ്യത്തെ ബാധിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൃത്രിമ മഴ പെയ്യിപ്പിക്കുന്നത്. എന്തായാലും സംഭവം ഇപ്പോൾ ലോകശ്രദ്ധതന്നെ നേടിയിട്ടുണ്ട്.