മലയാളത്തിൽ അതിവേഗം 100 കോടി ക്ലബിൽ ഇടം നേടുന്ന ചിത്രമായി ജൂഡ് ആന്തണി ചിത്രം ‘2018 എവരിവൺ ഈസ് എ ഹീറോ’. റിലീസ് ചെയ്ത് 11-ാം ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ നിന്ന് മാത്രമായി 44 കോടിയാണ് ചിത്രം നേടിയത്. ഇതുവരെയുള്ള ആഗോള കളക്ഷൻ 100 കോടിയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
അതേസമയം സംവിധായകൻ ജൂഡ് ആന്തണി ജോസഫ് , നടൻ ആസിഫ് അലി എന്നിവർ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പർസ്റ്റാറുകളുടെ സിനിമകൾ മാത്രം എത്തിയിരുന്ന 100 കോടി ക്ലബിലേക്ക് ‘2018’ ഇടം പിടിക്കുമ്പോൾ അത് കേരളത്തിലെ സാധാരണക്കാരുടെ കൂടി വിജയമാണ്. ഇതിന് മുൻപ് മോഹൻലാലിന്റെ പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ ഏക മലയാള സിനിമകൾ.
ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്‌ഷൻ. തുടർന്ന് മികച്ച റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ രണ്ടാമത്തെ ദിവസം 3.5 കോടി രൂപയായി കളക്ഷൻ ഉയർന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ‘2018’ ന്റെ യാത്ര എന്ന് ബോക്‌സ് ഓഫിസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ‘2018 എവരിവൺ ഈസ് എ ഹീറോ’ ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ലാൽ എന്നിവരുൾപ്പടെയുള്ള വൻ താര നിറയാണ് അഭിനയിച്ചിട്ടുള്ളത്. മൂന്ന് ആഴ്ചയ്‌ക്ക് ശേഷം ‘2018’ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. സോണി ലൈവിനാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം.