മലയാള സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം എന്ന റെക്കോർഡ് ഇനി ‘2018’ ന്. ആറര വര്‍ഷങ്ങളായി മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന് ‘ കൈയ്യടക്കി വച്ചിരുന്ന റെക്കോര്‍ഡാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 മറികടന്നിരിക്കുന്നത്. വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ അനുസരിച്ച് 137 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ.
വെറും 17 ദിവസങ്ങള്‍ കൊണ്ടാണ് 2018 പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷന്‍ മറികടന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രത്തിന് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് റെക്കോഡ് സ്വന്തമാക്കാനുള്ള കാരണം. 64 കോടി രൂപയോളമാണ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 65.25 കോടിയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 8.4 കോടിയും നേടി. athes കേരള ബോക്സ് ഓഫീസ് മാത്രം എടുത്ത് നോക്കിയാല്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പുലിമുരുകന് തന്നെയാണ്. 78.50 കോടിയാണ് പുലിമുരുകന്റെ നേട്ടം.
കേരളത്തിലെ കളക്ഷൻ എടുത്ത് നോക്കിയാൽ കഴിഞ്ഞ ദിവസം ലൂസിഫറിനെ മറികടന്നിരുന്ന 2018 നിലവില്‍ നാലാം സ്ഥാനത്താണ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമായ പ്രളയം പശ്ചാത്തലമാകുന്ന ചിത്രം കേരളം ആ കാലഘട്ടത്തിൽ അനുഭവിച്ച ജനജീവിതത്തെ പ്രതിഫലിപ്പിച്ചു. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, വിനീത് ശ്രീനിവാസന്, നരെയ്ന്, ലാല്‍, അപര്‍ണ ബാലമുരളി, സുധീഷ്, അജു വര്‍ഗീസ്, തന്വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.