കുവൈറ്റിൽ താമസനിയമം ലംഘിച്ച് ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിൽ. പിടിയിലായവരിൽ 19 മലയാളി നഴ്സുമാരുമുണ്ട്. മാലിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്സുമാരാണ് ജയിലിൽ കഴിയുന്നത്.
ലൈസൻസ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. കുവൈത്ത് മാനവശേഷി സമിതിയുടെ പരിശോധനയിലാണു ഈ 19 മലയാളി നഴ്സുമാരെയും പിടികൂടി ജയിലിലാക്കിയത്. അടുത്തിടെ സ്പോൺസറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തർക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇന്ത്യൻ എംബസിയും കേന്ദ്ര സർക്കാരും അടിയന്തരമായി ഇടപെട്ടു നഴ്സുമാരുടെ മോചനത്തിനുള്ള നടപടികൾ കൈക്കൊള്ളണം എന്നാണു ബന്ധുക്കളുടെ ആവശ്യം. പിടിയിലായ മലയാളി നഴ്സുമാരെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കൾ പറയുന്നു.
എല്ലാവർക്കും കാലാവധിയുള്ള വീസയും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പും ഉണ്ട്. പലരും 3 മുതൽ 10 വർഷം വരെയായി ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.