കഴിഞ്ഞ വർഷം വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 1,565 വാഹനങ്ങൾ സ്മാർട്ട് വെഹിക്കിൾ “ഹൗസ് അറസ്റ്റ്” സംവിധാനത്തിലൂടെ പിടിച്ചെടുത്തതായി അജ്മാൻ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെൻ്റ്.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഒരു പ്രത്യേക യാർഡിൽ പാർക്ക് ചെയ്യുന്നതിന് പകരം ഉടമയുടെ വീട്ടിലോ അല്ലെങ്കിൽ അവരുടെ സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങളിലോ പാർക്ക് ചെയ്ത് പിടിച്ചിടുന്ന രീതിയാണിത്. നിയമലംഘനങ്ങളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇംപൗണ്ട്മെന്റ് യാർഡിൽ സൂക്ഷിക്കുന്നതിനുപകരം സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽതന്നെ സൂക്ഷിക്കാൻ അനുവദിക്കുന്ന ഹൗസ് അറസ്റ്റുസംവിധാനം ഫലപ്രദമെന്ന് പോലീസ് അറിയിച്ചു.
കസ്റ്റഡി കാലയളവിൽ വാഹനം പരിപാലിക്കാൻ ഉടമകൾക്ക് അവസരംനൽകുന്ന സേവനം 2020-ലാണ് ആരംഭിച്ചത്. ആദ്യത്തെമാസം 500 ദിർഹവും പിന്നീടുള്ള ഓരോമാസത്തിനും 100 ദിർഹമാണ് സേവന നിരക്കായി ഈടാക്കുന്നത്. കസ്റ്റഡിയിലുള്ളവാഹനം പാർക്കിങ് സ്ഥലം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ സാങ്കേതിക സംവിധാനങ്ങളിലൂടെ 24 മണിക്കൂറും നിരീക്ഷിക്കും. പാർക്കിങ് സ്ഥലത്തുനിന്ന് 30 മീറ്ററിൽ കൂടുതൽ വാഹനം നീക്കിയാൽ പിഴ ചുമത്തുകയും വാഹനത്തിന്റെ കസ്റ്റഡി കാലയളവ് വർധിപ്പിക്കുകയും ചെയ്യും.