യുഎഇയിലെ മാലിന്യസംസ്കരണത്തിൽ മികച്ച നേട്ടം കൈവരിച്ച് എമിറേറ്റ് ഇൻഗ്രേറ്റഡ് ടെലി കമ്യൂണിക്കേഷൻ കമ്പനിയായ ‘ഡു’. രാജ്യത്തിന്റെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മാലിന്യ സംസ്കരണത്തിൽ ശ്രദ്ധേയമായ ഇടം നേടിയിരിക്കുകയാണ് ഇതോടെ കമ്പനി. 14,000 കിലോ മാലിന്യമാണ് ഡുവിന്റെ കീഴിൽ ഇപ്പോൾ പുനഃചംക്രമണം ചെയ്തിരിക്കുന്നത്.
‘നമ്മുടെ എമിറേറ്റിനായി നമുക്ക് നടാം’ എന്ന സംരംഭത്തിന്റെ ഭാഗമായി എമിറേറ്റ് എൻവിയോൺമെന്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് ഡു ഈ വർഷം 14,000 കിലോ മാലിന്യം പുനഃചംക്രമണം ചെയ്തത്. ഇതിന് പുറമെ വിവിധ സ്ഥലങ്ങളിൽ കമ്പനി 14 മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തതായി ഡു അധികൃതർ അറിയിച്ചു.
13,040 കിലോ പേപ്പർ മാലിന്യങ്ങളും 1,240 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് കമ്പനി പുനഃചംക്രമണം ചെയ്തത്. ഇതിന്റെ ഫലമായി രാജ്യത്ത് മാലിന്യങ്ങൾ കുറയുകയും രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണ നടപടികൾ സുഗമമാകുകയും ചെയ്തു. വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കാനുള്ള നീക്കത്തിലാണ് കമ്പനി.