യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിൽ (ഇമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്സ് കൗൺസിൽ) ചേർന്ന സ്വകാര്യ കമ്പനികളുടെ എണ്ണത്തിൽ വൻ വർധനവ്. ഒരാഴ്ചയ്ക്കിടെ 118 കമ്പനികളാണ് നാഫിസിൽ ചേർന്നത്. ഇതോടെ പദ്ധതിയിൽ അംഗമായ കമ്പനികളുടെ എണ്ണം 11,250 ആയി ഉയർന്നു. പദ്ധതിയിലൂടെ നിരവധി സ്വദേശികൾക്കാണ് ജോലി ലഭ്യമാക്കുന്നത്. ഓരോ ജോലിക്കും ആവശ്യമായ പരിശീലനം നൽകിയാണ് നാഫിസ് പൗരന്മാരെ ജോലിക്കായി പ്രാപ്തരാക്കുന്നത്. സ്വദേശികളെ ജോലിക്ക് വയ്ക്കുന്ന കമ്പനികൾക്ക് ശമ്പള പിന്തുണയും പെൻഷൻ കിഴിവും ഉൾപ്പെടെ സർക്കാർ നിരവധി ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം, ധനകാര്യം, ഇൻഷുറൻസ്, നിർമ്മാണം, മാലിന്യ സംസ്കരണം, ഖനനം, കൃഷി, ആരോഗ്യം, സാമൂഹിക പ്രവർത്തനം, ആശയവിനിമയം, വൈദ്യുതി വിതരണം, എയർ കണ്ടീഷനിങ് തുടങ്ങിയ കമ്പനികളിലെ ജോലി സാധ്യതകൾ പോർട്ടലിൽ രേഖപ്പെടുത്തിയാണ് സ്വദേശികൾക്ക് തൊഴിൽ അവസരം നൽകേണ്ടത്. നാഫിസിന്റെ ഡിജിറ്റൽ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കമ്പനി അക്കൗണ്ട് സൃഷ്ടിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് അധികൃതർ സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടു.