പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും അറിവ് നേടാൻ വയസ്സ് ഒരു തടസ്സമല്ലെന്നും തെളിയിച്ചിരിക്കുകയാണ് സൗദി വനിതയായ നൗദ അൽ ഖഹ്താനി. 110-ാം വയസ്സിൽ സ്കൂളിൽ ചേർന്ന് പടിക്കുകയാണിവർ. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലൂടെയാണ് ഇവർ സ്കൂളിൽ എത്തിയത്. സൗദിയിലെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവർണറേറ്റിലെ അൽ റഹ്വ എന്ന സ്ഥലത്തുള്ള സ്കൂളിലാണ് നൗദ ഇപ്പോൾ പഠിക്കുന്നത്.
ആഴ്ചകൾക്ക് മുമ്പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിർമാർജന പരിപാടിയിൽ ചേർന്നതിനു ശേഷം ഇവർ മറ്റ് അമ്പതിലധികം പേർക്കൊപ്പം എല്ലാ ദിവസവും സ്കൂളിൽ പോകുന്നുണ്ട്. നാല് മക്കളാണ് നൗദയ്ക്കുള്ളത്. മൂത്ത ‘കുട്ടി’ക്ക് 80ഉം ഇളയ ‘കുട്ടി’ക്ക് 50 വയസ്സുമാണ് പ്രായം. അതേസമയം വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ പറഞ്ഞു. 100 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ് ദിവസവും പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ വയ്ക്കുക എന്നത്.
അതേസമയം നാല് മക്കളും ഉമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ പുതിയ തീരുമാനത്തെ കുറിച്ച് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. താൻ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്കൂളിലേക്ക് കൊണ്ടുപോകുകയും ക്ലാസുകൾ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതായി മകനായ മുഹമ്മദ് പറഞ്ഞു.
ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഇളയമകനും അഭിപ്രായപ്പെട്ടു. 110 വയസ്സിനു മുകളിൽ പ്രായമുള്ള ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് അറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. കൂടാതെ ഈ വിദ്യാഭ്യാസ കുതിപ്പിന് നേതൃത്വം നൽകുന്ന ഭരണാധികാരിക്ക് കുടുംബം നന്ദി പറയുകയും ചെയ്തു.