ഉത്സവ സീസണുകളില്‍ ലോകത്ത് ഏറ്റവും കടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പത്താമത്തെ കേന്ദ്രമായി യുഎഇ. വടക്കേ അമേരിക്കയിലെ എയർ ബുക്കിങ്ങിനുള്ള ഏറ്റവും വലിയ ആഗോള വിതരണ സംവിധാന ദാതാവായ സാബർ കോർപ്പറേഷൻ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് യുഎഇ മുന്‍നിരയില്‍ പത്താമത് എത്തിയത്. സഞ്ചാരികളില്‍ കൂടുതല്‍ കുടുംബങ്ങളാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കുടുംബ യാത്രക്കാര്‍ക്കിടയില്‍ യുഎഇയുടെ ജനപ്രിയത ഉയര്‍ന്ന തലത്തിലാണ്. ഇന്ത്യ- യുഎഇ ഇടനാഴിയില്‍ കുടുംബ സഞ്ചാരികളുടെ തിരക്കേറെയാണ്. വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 6.8 ദശലക്ഷം യാത്രക്കാരാണെത്തിയത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ദുബായ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകളും സമാനമാണ്. 2022 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.24 ദശലക്ഷം ഇന്ത്യൻ വിനോദസഞ്ചാരികൾ എമിറേറ്റ് സന്ദർശിച്ചെന്നാണ് കണക്ക്. ഇത് എല്ലാ വിദേശ രാജ്യങ്ങളേയും അപേക്ഷിച്ച് ഇന്ത്യയെ മുന്നിലെത്തിക്കുന്നതാണ്.
ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോലെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഉത്സവങ്ങളും ദുബായിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതാണ്. എന്നാല്‍ സാബറിന്‍റെ റിപ്പോര്‍ട്ടില്‍ ഒന്നാമതുളളത് യുഎസ് മുതൽ മെക്സിക്കോ വരെ. ദക്ഷിണ കൊറിയ- ജപ്പാൻ സഞ്ചാരപാതയാണ് രണ്ടാമതുളളത്.
ഉത്സവകാലത്ത് തിരക്കേറുന്ന സഞ്ചാരപാതകൾ
പത്താം സ്ഥാനം: ഇന്ത്യ-യു.എ.ഇ
ഒമ്പതാം സ്ഥാനം: കാനഡ മുതൽ മെക്സിക്കോ വരെ
എട്ടാം സ്ഥാനം: ദക്ഷിണ കൊറിയ മുതൽ തായ്‌ലൻഡ് വരെ
ഏഴാം സ്ഥാനം: യുഎസ് മുതൽ ജമൈക്ക വരെ
ആറാം സ്ഥാനം: യുകെ മുതൽ യുഎസ് വരെ
അഞ്ചാം സ്ഥാനം: ദക്ഷിണ കൊറിയ മുതൽ വിയറ്റ്നാം വരെ
നാലാം സ്ഥാനം: യുഎസ് മുതൽ ഡൊമിനിക്കൻ റിപ്പബ്ലിക് വരെ
മൂന്നാം സ്ഥാനം: കാനഡ മുതൽ യുഎസ് വരെ
രണ്ടാം സ്ഥാനം: ദക്ഷിണ കൊറിയ മുതൽ ജപ്പാൻ വരെ
ഒന്നാം സ്ഥാനം: യുഎസ് മുതൽ മെക്സിക്കോ വരെ
കുടുംബങ്ങളായി എത്തുന്നവരില്‍ മുന്നില്‍ യുഎഇ ആണെങ്കില്‍ കൂടുതല്‍ ദമ്പതികളും യാത്ര ചെയ്യുന്നത് തായലന്റിലേക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.