ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ മാസം യുഎഇ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം 2018 മുതൽ 2023 വരെ ഒമാനി പൗരന്മാർ യുഎഇയിൽ വരുത്തിയ എല്ലാ ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കാൻ യുഎഇ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി ഒമാനി പൗരന്മാർ യുഎഇയിൽ നടത്തിയ നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴ റദ്ദാക്കിയിരുന്നു. ഇതിൽ ഒരു ഒമാൻ പൗരന്റെ 108,000 ദിർഹമാണ് റദ്ദായിക്കിട്ടിയത്.
ആകെ 250 ട്രാഫിക് നിയമലംഘനങ്ങൾക്കായി ഈ ഒമാൻ പൗരൻ മൊത്തം 108,000 ദിർഹമാണ് പിഴയായി അടയ്ക്കേണ്ടിയിരുന്നത്. എന്നാൽ യുഎഇയുടെ പിഴ ഒഴിവാക്കൽ ഔദാര്യം ഈ വ്യക്തിക്ക് വളരെയധികം ആശ്വാസം നൽകുകയായിരുന്നു. ഇതോടെ ഒമാനിലെ പൗരന്മാരടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്കാണ് വിരുന്നൊരുക്കികൊണ്ടാണ് ഇദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്.
യുഎഇയുടെ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആരംഭിച്ച ഈ തീരുമാനത്തെ തുടർന്ന് ഇത്തരത്തിൽ ആയിരക്കണക്കിന് ഒമാനികളുടെ പിഴകൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്. യുഎഇയുടെ ഈ സംരംഭത്തിന് നന്ദി പറഞ്ഞുകൊണ്ട് നിരവധി ഒമാനി നിവാസികളാണ് തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ നന്ദി അറിയിച്ചുകൊണ്ട് രംഗത്ത് വരുന്നത്.