പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ദുബായിൽ വെച്ച് കാണാതായ തന്റെ പ്രിയപ്പെട്ട വളർത്തുനായയെ കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഉടമ. നായയെ സുരക്ഷിതമായി കണ്ടെത്തി നൽകുന്നവർക്ക് നല്ലൊരു തുക പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലക്ഷം ദിർഹമാണ് (22,61,680 ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കുക.
മൂന്ന് വയസുള്ള നായയെ ശനിയാഴ്ച എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായത്. അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ (കമ്മ്യൂണിറ്റി 214) വെച്ച് വൈകുന്നേരം 6.40നാണ് നായയെ അവസാനമായി കണ്ടത്. തുടർന്ന് പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഒരു കുടുംബാംഗത്തേപ്പോലെ കരുതിയിരുന്ന തന്റെ നായയെ കാണാതായതിന്റെ ദു:ഖത്തിലാണ് ഇപ്പോൾ ഉടമ.
തുടർന്നാണ് നായയെ സുരക്ഷിതമായി കണ്ടെത്തി നൽകുന്നവർക്ക് പാരിതോഷികം നൽകാൻ അദ്ദേഹം തീരുമാനിച്ചത്. നിറയെ രോമമുള്ള തന്റെ പ്രിയപ്പെട്ട നായയെ തിരികെ നൽകുന്നവർക്ക് ഒരു ലക്ഷം ദിർഹം സമ്മാനം നൽകുമെന്നും കൂടാതെ നായയെ എവിടെ നിന്നാണ് ലഭിച്ചത് എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഉടമ വ്യക്തമാക്കി.