റാസല്‍ഖൈമ എമിറേറ്റില്‍ അനധികൃത ടാക്സി സർവീസ് നടത്തിയ 1813 പേരെ ഗതാഗത വിഭാഗം പിടികൂടി. കള്ള ടാക്സിക്കാരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിലാണ് സമാന്തര ടാക്സി വാഹനങ്ങൾ ഓടിക്കുന്നവര്‍ പിടിയിലായത്. നിയമലംഘകര്‍ക്കെതിരേ പിഴയും തുടര്‍നടപടികളും സ്വീകരിച്ചു.
കള്ള ടാക്സി ഓടിച്ചാൽ 5000 ദിർഹമാണ് പ്രാഥമിക പിഴ ഈടാക്കുക. നിയമ ലംഘനം ആവർത്തിച്ചാൽ ഇരട്ടിത്തുക അടയ്ക്കേണ്ടിവരും. അനധികൃത ടാക്സികൾക്കെതിരേ ശക്തമായ ബോധവത്കരണ പരിപാടികളും ഗതാഗത വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.
ഇൻഷൂറൻസ് രേഖകൾ പോലും ഇല്ലാത്ത വാഹനങ്ങളാണ് സമാന്തര ടാക്സി സർവീസിനായി ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍. തിരിച്ചറിയാൻ ഔദ്യോഗിക രേഖകൾ പോലുമില്ലാത്ത ഡ്രൈവര്മാരാണാ മിക്കവരും. യാത്രക്കിടയില്‍ അത്യാഹിതമൊ അക്രമമൊ ഉണ്ടായാല്‍ പോലും ഇത്തരക്കരെ കണ്ടെത്താന്‍ കഴിയില്ലെന്നും അനധികൃത ടാകസികളിലെ യാത്ര സുരക്ഷിതമല്ലെന്നും ഗതാഗത വിഭാഗം സൂചിപ്പിച്ചു.