‘വെണ്ണിലാ കബഡി കുഴു’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ആരാധകരെ സൃഷ്‌ടിച്ച താരമാണ് വിഷ്ണു വിശാൽ. ചില ചിത്രങ്ങൾ പരാജയപ്പെട്ടെങ്കിലും സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ രാക്ഷനിലൂടെ താരം വൻ തിരിച്ചുവരവാണ് നടത്തിയത്. ചിത്രം സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. പിന്നീട് വിശാൽ നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാമാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ മറ്റൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
സഹനടൻ വേഷങ്ങൾ ചെയ്യാൻ താത്പര്യമില്ലെന്നും നായകനായി മാത്രം അഭിനയിക്കാനാണ് ആഗ്രഹമെന്നുമാണ് വിഷ്ണു വിശാൽ വെളിപ്പെടുത്തിയിരിക്കുന്നത്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്തത് നായകനായി അഭിനയിക്കാൻ വേണ്ടിയാണ് എന്നും താരം വ്യക്തമാക്കി.
‘എനിക്ക് ക്യാരക്ടർ റോളുകൾ ചെയ്യാൻ താൽപ്പര്യമില്ല. നായകനായി അഭിനയിക്കാനാണ് ആഗ്രഹം. അതിനാണ് വർഷങ്ങളോളം ഞാൻ കഠിനാധ്വാനം ചെയ്തത്. എന്തുകൊണ്ടാണ് ഞാൻ സ്ക്രിപ്റ്റ് മുഴുവൻ കേൾക്കുന്നതും സ്വന്തമായി സിനിമകൾ നിർമ്മിക്കുന്നതും എന്ന് ആർക്കെങ്കിലും അറിയുമോ? എനിക്ക് അക്കാര്യത്തിൽ കൃത്യമായ വ്യക്തതയുള്ളതുകൊണ്ടാണ്. വലിയ താരങ്ങളുള്ള പല ചിത്രങ്ങളിലും സെക്കൻഡ് ഹീറോ, നായകന്റെ സഹോദരൻ തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ എന്നെ പലരും സമീപിച്ചിട്ടുണ്ട്. ഞാൻ അതെല്ലാം വേണ്ടെന്ന് വയ്ക്കുകയായിരുന്നു’- വിഷ്ണു പറഞ്ഞു.
‘എൻ്റെ സിനിമകളിൽ 28 ശതമാനം മാത്രമേ വിജയിക്കാത്തതായുള്ളൂ. ബാക്കി 72 ശതമാനം സിനിമകളും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടണം. നിർമാതാവിനും എനിക്കും വിതരണക്കാരുമെല്ലാം ലാഭം ഉണ്ടാകണം. സിനിമയെ സംബന്ധിച്ച് ബിസിനസ് പ്രധാനപ്പെട്ട ഘടകമാണ്. ഇവിടെ നിർമ്മിക്കുന്ന 80 ശതമാനം സിനിമകളും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ല എന്നത് സത്യമാണ്. ശരാശരി ചിത്രത്തിൽ അഭിനയിക്കാനോ നിർമിക്കാനോ എനിക്ക് താത്പര്യമില്ല. എനിക്ക് നല്ല ചിത്രം നിർമിക്കണം, അഭിനയിക്കണം’- താരം കൂട്ടിച്ചേർത്തു.
“ലാൽ സലാം എന്ന ചിത്രത്തിന്റെ കഥ കേട്ടതിന് ശേഷം മുഴുവൻ തിരക്കഥയും പറയാൻ ഐശ്വര്യയോട് ഞാൻ അഭ്യർഥിച്ചു. അഞ്ച് മണിക്കൂർ എടുത്താണ് അവർ തിരക്കഥ പറഞ്ഞ് പൂർത്തിയാക്കിയത്. പിന്നാലെ ഞാൻ ചിത്രം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഒരു സിനിമ ചെയ്യുന്നതിന് മുൻപ് തിരക്കഥ മുഴുവൻ കേൾക്കണമെന്ന് സംവിധായകരോട് പറയുന്നത് എന്റെ ധാർഷ്ട്യമാണെന്ന് ആളുകൾ ധരിച്ചേക്കാം. സത്യമെന്താണെന്ന് വച്ചാൽ എനിക്ക് നല്ല സിനിമകൾ ചെയ്യണം, വിജയിക്കുന്ന തിരക്കഥകൾ ഒപ്പുവെക്കണം. അതുകൊണ്ടാണ് ഞാൻ പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത്. കഥാപാത്രത്തെക്കുറിച്ചും കഥയെക്കുറിച്ചും ഞാൻ ഒരുപാട് കാര്യങ്ങൾ ചോദിക്കാറുണ്ട്. എല്ലാ സംവിധായകർക്കും അത് ഇഷ്ടമാകണമെന്നില്ല’, വിഷ്ണു വിശാൽ പറഞ്ഞു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിൽ വിക്രാന്തും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫെബ്രുവരി ഒൻപതിന് തിയേറ്റർ റിലീസ് ചെയ്യുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.