‘ജയിലർ’ സിനിമയുടെ വൻ വിജയത്തിൽ ആദ്യമായി പ്രതികരിച്ച് നടൻ വിനായകൻ. ചിത്രത്തിലെ വർമൻ എന്ന വില്ലൻ കഥാപാത്രം ഇത്രത്തോളം ഹിറ്റാകുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതെന്നും വിനായകൻ പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് വിനായകൻ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മനസ്സിലായോ, നാൻ താൻ വർമൻ’ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കൊണ്ടാണ് വിനായകൻ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്.
ജയിലറിലേക്ക് വിളിക്കുന്ന സമയത്ത് വിനായകൻ വീട്ടിൽ ഉണ്ടായിരുന്നില്ല. റേഞ്ച് കിട്ടാത്ത ഒരു കാട്ടിലായിരുന്നു. പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു ചിലവഴിച്ചത്. തിരിച്ച് വീട്ടിലേക്ക് വന്ന് നോക്കിയപ്പോൾ ഒരുപാട് മിസ് കോൾ ശ്രദ്ധയിൽപ്പെട്ടു. മാനേജർ വിളിച്ച് കാര്യം പറഞ്ഞപ്പോൾ തിരിച്ചു വിളിച്ചു. അപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പ്രൊഡക്‌ഷനിൽ നിന്നും പറയുന്നത്. നെൽസൺ ആണ് സംവിധാനം എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല. പ്രധാന വില്ലന്റെ കഥാപാത്രമാണ് എന്ന് സംവിധായകൻ പറഞ്ഞു. അതായിരുന്നു ജയിലറിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്.
അതേസമയം രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളിൽ പറയാൻ കഴിയാത്തതാണ്. നേരിൽ കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണ്. മാത്രമല്ല വർമൻ ഇത്രയും ലെവലിൽ എത്താനുള്ള കാരണവും അത് തന്നെയാണ്. സാധാരണ പല സിനിമകളിലും സ്ക്രിപ്റ്റ് കേൾക്കാറില്ല. പലകാരണങ്ങളാലും സ്ക്രിപ്റ്റ് മാറുകയും ചെയ്യും. വീട്ടിൽ നിന്നും പുറത്തു പോകാൻ സാധിക്കാത്ത രീതിയിൽ വർമൻ ഹിറ്റായി എന്നത് കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെൽസണോട് ഒരുപാട് നന്ദി. കൂടാതെ രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദിയുണ്ടെന്ന് വിനായകൻ പറഞ്ഞു.