രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ എന്നാക്കി മാറ്റണമെന്ന വിവാദങ്ങൾക്കിടയിൽ നടൻ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് വൈറലാവുന്നു. രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ട്, ‘കാത്തിരിക്കാൻ വയ്യ’ എന്നായിരുന്നു ഉണ്ണി കുറിച്ചത്. ‘മേരാ ഭാരത്’ എന്ന് ഫെയ്സ്ബുക്കിലും താരം കുറിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് ഈ വിഷയത്തിൽ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ക്ഷണക്കത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരമായി ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയത് ആണ് വിമർശനങ്ങൾക്ക് തുടക്കമിട്ടത്. ചർച്ചകൾ നടക്കുന്നതിനിടെയാണു പുതിയ സംഭവവികാസം. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയത്. ഓദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ഇതിനു മുൻപ് ഇത്തരത്തിൽ ഉപയോഗിച്ചിട്ടില്ല എന്നതാണ് വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചത്. അതേസമയം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹവും ഉയർന്നു വരുന്നുണ്ട്.