അടുത്ത മാസം നടക്കാനിരുന്ന അജ്യാൽ ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി. ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്ന ഗസ്സക്കും പാലസ്തീനികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് റദ്ദാക്കാൻ തീരുമാനിച്ചത്. സംഘാടകരായ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് നവംബർ എട്ട് മുതൽ 16 വരെ നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ റദ്ദാക്കിയ കാര്യം പ്രഖ്യാപിച്ചത്.
‘പാലസ്തീൻ സഹോദരങ്ങൾക്ക് ഐക്യദാർഢ്യവുമായി 11ാമത് അജ്യാൽ ചലച്ചിത്ര പ്രദർശനം റദ്ദാക്കുകയാണെന്ന്. ഈ ഘട്ടത്തിൽ നമ്മുടെ മേഖലയിലെ തന്നെ സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനാണ് ഉദ്ദേശിക്കുന്നത്. ഓരോ ദിവസവും നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നത് കാണുമ്പോൾ ഹൃദയം തകരുകയാണ്. ഇത് ആഘോഷത്തിനുള്ള സമയമല്ല, ബോധപൂർവമായി പ്രവർത്തിക്കേണ്ട സമയമാണ്’ എന്ന് ദോഹ ഫലിം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പുറത്ത് വിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.
മാത്രമല്ല, പാലസ്തീനിയൻ ജീവിതങ്ങൾക്കും ശബ്ദങ്ങൾക്കും ഇടം നൽകൽ ഒരു സാംസ്കാരിക സംഘടന എന്ന നിലയിൽ അജ്യാലിന്റെ പ്രവർത്തനത്തിൽ നിർണായകമാണ്. എന്നാൽ, ഈ സാഹചര്യത്തിൽ പാലസ്തീന്റെ ശബ്ദം ലോകമെമ്പാടും മുഴക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേലിന്റെ ഗസ്സ ആക്രമണം തുടരുന്നതിനിടെ റദ്ദാക്കപ്പെടുന്ന മൂന്നാമത്തെ ഫിലിം ഫെസ്റ്റിവലാണിത്. ഈജിപ്തിലെ എൽ ഗൗന, കൈറോ ഫെസ്റ്റിവൽ എന്നീ ഫിലിം ഫെസ്റ്റിവലുകളും കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയിരുന്നു.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അറബ് ലോകത്തെയും പ്രശസ്തരായ ചലച്ചിത്ര പ്രവർത്തകർ ഒത്തുചേരുകയും മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുന്ന അജ്യാൽ മേഖലയിലെ ശ്രദ്ധേയ സിനിമ പ്രദർശനമാണ്. നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ച 11ാമത് ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ നേരത്തേ തന്നെ തുടങ്ങിയിരുന്നു. വളന്റിയർ പ്രോഗ്രാം, ഫിലിം ജൂറി, ഉൾപ്പെടെയുള്ള മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.