മലയാളത്തിലെ മികച്ച അഭിനേത്രി ആരാണെന്ന് ചോദിച്ചാൽ മിക്കവരുടെയും അഭിപ്രായം ഉർവശിയെന്ന് തന്നെയാകും. അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധം അത്രമേൽ മികച്ചതാണ് ഉർവശിയുടെ പ്രകടനം. ’ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലൂടെ ഒരിക്കൽകൂടി ഉർവശിയുടെ അഭിനയപാടവം സിനിമാ പ്രേമികൾക്ക് ആസ്വദിക്കാൻ അവസരമെത്തിയിരിക്കുകയാണ്. ഉർവശിക്കൊപ്പം പാർവ്വതി തിരുവോത്തും ഉള്ളൊഴുക്കിൽ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആന്റ് സയനൈഡ് എന്ന ഡോക്യുമെൻ്ററി സംവിധാനം ചെയ്‌ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊച്ചി ഫോറം മാൾ പിവിആറിൽ വച്ച് നടന്ന സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്കു ശേഷം ചിത്രത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് താരങ്ങൾ. ’കുട്ടനാടൻ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം’ എന്നാണ് സംവിധായകൻ ബ്ലെസി അഭിപ്രായപ്പെട്ടത്. അതേസമയം ‘അതിഗംഭീരമായ, ഒരു മസ്റ്റ് വാച്ച് ചിത്രമാണ് ഉള്ളൊഴുക്ക്’ എന്നാണ് ഭ്രമയുഗത്തിന്റെ സംവിധായകൻ രാഹുൽ സദാശിവൻ അഭിപ്രായപ്പെട്ടത്.
കുട്ടനാട്ടിലെ ഒരു കുടുംബത്തിലുണ്ടാകുന്ന അവിചാരിത സംഭവങ്ങളിലൂന്നിയാണ് ചിത്രം പുരോഗമിക്കുന്നത്. അഞ്ജു എന്ന കഥാപാത്രമായി പാർവതി തിരുവോത്ത് വേഷമിടുമ്പോൾ അഞ്ജുവിന്റെ അമ്മായിഅമ്മ ലീലാമ്മയായി ഉർവശി എത്തുന്നു. അഞ്ജുവിന്റെ ഭർത്താവ് തോമസ് ആയി എത്തുന്നത് പ്രശാന്ത് മുരളിയാണ്. ഇവർക്ക് പുറമെ അലൻസിയർ, അർജുൻ രാധാകൃഷ്‌ണൻ, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. സുഷിൻ ശ്യാമാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.