ക്രൊയേഷ്യയോട് തോറ്റ് കണ്ണീരോടെ മടങ്ങുന്ന ബ്രസീലിന് ഇനി പരിശീലകസ്ഥാനത്ത് ടിറ്റെയുമില്ല. മത്സരശേഷം എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ ടിറ്റെ താന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് ടിറ്റെ നേരത്തെ അറിയിച്ചിരുന്നതാണ്. താന്‍ വാക്കുപാലിക്കുകയാണെന്നും കാലയളവ് അവസാനിച്ചതായും ടിറ്റെ പറഞ്ഞു.
ദുംഗയെ മാറ്റിയശേഷം 2016 മുതല്‍ ബ്രസീൽ പരിശീലകനായി തുടരുകയായിരുന്നു ടിറ്റെ. കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ലോകകപ്പിന് ശേഷം താന്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. തൻ്റെ കരിയറില്‍ ലോകകപ്പ് മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും ബാക്കിയെല്ലാം താന്‍ നേടിക്കഴിഞ്ഞെന്നുമായിരുന്നു ടിറ്റെയുടെ പ്രഖ്യാപനം. 2019ല്‍ ബ്രസീല്‍ കോപ്പ അമേരിക്ക കിരീടം നേടിയതടക്കം ടിറ്റെയുടെ പരിശീലനത്തിന് കീഴിലായിരുന്നു.