ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘കാതൽ ദി കോർ’ സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പ്രശംസിച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു മലയാള സിനിമയെക്കുറിച്ച് ഇത്ര വിശദമായ ലേഖനം ന്യൂയോർക്ക് ടൈംസിൽ വരുന്നത്.
ബോളിവുഡ് സിനിമകളുടെ ഗ്ലാമർ, ശബ്ദകോലാഹലങ്ങൾക്കപ്പുറം കുറഞ്ഞ ബജറ്റിൽ യഥാർത്ഥ മനുഷ്യജീവിതവുമായി അടുത്തു നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമകൾ വേറിട്ടു നിൽക്കുന്നതെന്നും പതിവ് മലയാളം സിനിമകളിൽ നിന്നും ഈ ചിത്രം വ്യത്യസ്തമാണെന്നും ലേഖകൻ പറയുന്നു. സിനിമയിൽ അഭിനയിക്കാനും നിർമ്മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം സിനിമയ്ക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നൽകിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് അഭിമാന നിമിഷമാണെന്നും കാതൽ അർഹിച്ച അംഗീകാരമാണ് ഇതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴിൽ നിന്നും നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിക്കുന്നത്. മമ്മൂട്ടിയെപ്പോലൊരു നടൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യത്തെയാണ് പലരും അഭിനന്ദിക്കുന്നത്. ജ്യോതികയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഈ ചിത്രത്തിലേതെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.