സൗദിയിലെ ഏറ്റവും വലിയ സ്റ്റേഡിയം റിയാദിലെ ഖിദ്ദിയയിൽ നിർമിക്കും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പേരിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ലോകത്തെ പ്രധാന കായിക, വിനോദ നഗരിയാകാൻ ഒരുങ്ങുകയാണ് ഖിദ്ദിയ. ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി ഡയറക്ടർ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സ്റ്റേഡിയം ലോകത്തെ ഏറ്റവും പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ബഹുമുഖ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകളും ഒരുക്കും.
റിയാദ് നഗരത്തിൽ നിന്ന് 40 മിനിറ്റ് മാത്രം ദൂരമുള്ള ഖിദ്ദിയ വിനോദ നഗരത്തിന്റെ ഹൃദയഭാഗത്ത് 200 മീറ്റർ ഉയരമുള്ള തുവൈഖ് പർവതനിരയുടെ കൊടുമുടികളിൽ ഒന്നിലാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം നിർമിക്കുന്നത്. 50,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും റസ്റ്ററൻറുകളും വിനോദ വേദികളും സ്റ്റേഡിയത്തിൽ ഉണ്ടാകും. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇവിടെ 45,000ലധികം ഇരിപ്പിടവും ഉണ്ടായിരിക്കും. 120 മീറ്റർ നീളവും 90 മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഡിയത്തിനുള്ളിലെ മൈതാനം.
അസാധാരണമായ രൂപകൽപനയും സാങ്കേതിക സവിശേഷതകളും കൊണ്ട് നിർമിക്കുന്ന സ്റ്റേഡിയം ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടികൾ എന്തായാലും അതിന്റെ ഹൃദയഭാഗത്ത് താനുണ്ടെന്ന് ആരാധകനെ തോന്നിപ്പിക്കും വിധമായിരിക്കും പുതിയ സ്റ്റേഡിയത്തിന്റെ നിർമിതിയെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി പറഞ്ഞു. നഗരത്തിന്റെ ആഗോള ബ്രാൻഡിങ് നടപടി ആരംഭിക്കുമെന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രഖ്യാപനമുണ്ടായി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് സ്റ്റേഡിയം നിർമാണ പ്രഖ്യാപനം.
വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ലായി പുതിയ പദ്ധതി മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ടൂറിസം മെച്ചപ്പെടുത്തുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും ഈ സ്റ്റേഡിയം സംഭാവന ചെയ്യും. കൂടാതെ ഫുട്ബാൾ ആരാധകരെ ആകർഷിക്കുന്നതിലൂടെ രാജ്യത്തിലേക്കുള്ള വാർഷിക സന്ദർശനങ്ങളുടെ എണ്ണം 18 ലക്ഷം വർധിപ്പിക്കും. ഫുട്ബാൾ മത്സരങ്ങൾ ഒഴികെയുള്ള പരിപാടികളിൽ താൽപര്യമുള്ളവരുടെ 60 ലക്ഷം സന്ദർശനങ്ങൾ ഉണ്ടാകുമെന്നും ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി പറഞ്ഞു.