നോട്ടത്തിലും ഭാവത്തിലും നിഗൂഢതയും മാന്ത്രികതയും നിറച്ച കൊടുമൺ പോറ്റിയും പരിവാരങ്ങളും തിയേറ്ററുകളെ ഭ്രമിപ്പിച്ച് മുന്നേറുകയാണ്. ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം പല കളക്ഷൻ റെക്കോർഡുകളും തകർത്താണ് മുന്നേറുന്നത്. ഇപ്പോൾ സിനിമ കണ്ടിറങ്ങിയവർക്ക് സംവിധായകനോട് ചോദിക്കാനുള്ളത് ഒന്ന് മാത്രമാണ്. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്.
ഇതിനേക്കുറിച്ചുള്ള ചർച്ചകൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചൂട് പിടിക്കുന്നുമുണ്ട്. ഇപ്പോഴിതാ അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. “ഒറ്റചിത്രമായിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നത്. തുടര്‍ച്ചയുണ്ടാകുമെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാമെന്നേയുള്ളൂ. നിലവില്‍ വരാം, ഇല്ലാതിരിക്കാം എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ” എന്നാണ് രാഹുൽ സദാശിവൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. നിലവിൽ രണ്ടാം ഭാഗത്തേക്കുറിച്ച് ചിന്തിക്കുന്നില്ല എന്ന വിധത്തിലാണ് സംവിധായകൻ പറഞ്ഞതെങ്കിലും പ്രേക്ഷകർ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്.
രാഹുൽ സദാശിവൻ്റെ മേക്കിങ് മികവിന്റെ മറ്റൊരു അത്ഭുതമാണ് ഭ്രമയുഗമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കൊടുമൺ പോറ്റിയുടെ പിന്നിലെ നിഗൂഢതയാണ് ചിത്രത്തിന്റെ ഉള്ളടക്കം. പാണനായി എത്തുന്ന അർജുൻ അശോകനും കൊടുമൺ പോറ്റിയുടെ ജോലിക്കാരനായി വരുന്ന സിദ്ധാർഥ് ഭരതനും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നതെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.