മികച്ച ബാലതാരത്തിനായുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷമമായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് പുരസ്കാര ജേതാവായ തന്മയ സോളിന്റെ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. സുന്ദരിയായ ദേവനന്ദയ്ക്ക് അവാർഡ് കിട്ടുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനെല്ലാം വിപരീതമായി തന്മയ്ക്ക് അവാർഡ് ലഭിച്ചു. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നാണ് ഒരു യൂട്യൂബ് ചാനലിന്റെ അവതാരകൻ ചോദിച്ചത്. ഇതിന് വെളുത്താൽ മാത്രമേ സുന്ദരിയാകുകയുള്ളു എന്നായിരുന്നു തന്മയ നൽകിയ മറുപടി.
2021 സംസ്ഥാന ചലച്ചിത്ര അവാർഡിൽ ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയ്ക്ക് അവാർഡ് ലഭിച്ചത്. എന്നാൽ ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവനന്ദയ്ക്കാണ് അവാർഡ് ലഭിക്കേണ്ടിയിരുന്നത് എന്ന വാദങ്ങൾ ഉയർന്നിരുന്നു. ഇതിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനാണ് തന്മയ മറുപടി നൽകിയത്.
അവാർഡ് കിട്ടിയതിൽ സന്തോഷമേയുള്ളൂ. കളിയാക്കലുകൾ എല്ലാവർക്കും ലഭിക്കുന്ന കാര്യമല്ല. വലിയ ഉയരത്തിൽ നിൽക്കുന്നവർക്കെ അതൊക്കെ ലഭിക്കാറുള്ളു. വേണമെങ്കിൽ ഞാൻ അത്രയ്ക്കും ഉയരങ്ങളിൽ എത്തി എന്ന് എനിക്ക് വിശ്വസിക്കാം. അല്ലാതെ ഇത് ഓർത്ത് വിഷമിച്ചിരുന്നാൽ ഞാൻ എന്റെ സമയം കളയുകയുള്ളൂ എന്നായിരുന്നു തന്മയ നൽകിയ മറുപടി.
വെളുത്ത നിറമാണ് സൗന്ദര്യമെന്ന് ഞാൻ കരുതുന്നില്ല. ദേവനന്ദ സുന്ദരിയാണെന്ന് ചേട്ടൻ പറയുന്നു. അത് ശരി തന്നെ. ദേവനന്ദയും സുന്ദരിയാണ്. മാത്രമല്ല വെളുത്താൽ മാത്രമാണ് നല്ലതെന്നും ചേട്ടൻ പറയുന്നു. പലർക്കും പല അഭിപ്രായം ഉണ്ടാവും. അവർക്കത് പറയാം. അവരത് പറയട്ടെ എന്നും തന്മയ കൂട്ടിച്ചേർത്തു. ഒപ്പം തന്റെ അഭിനയ സ്വപ്നങ്ങളെ കുറിച്ചും തന്മയ പങ്കുവെച്ചു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കൂടാതെ അവതാരകന്റെ ചോദ്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.