തമിഴ് നടൻ വിജയുടെ അടുത്ത പടം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭു. വിജയ് തന്നിലർപ്പിച്ച വിശ്വാസത്തിൽ താരത്തോട് നന്ദി പറഞ്ഞുകൊണ്ടുള്ള സംവിധായകൻ വെങ്കട് പ്രഭുവിന്റെ കുറിപ്പ് വൈറലാവുന്നു. ഏകദേശം ഒരു വർഷം മുൻപാണ് വെങ്കട് പ്രഭു വിജയ്യുടെ അടുത്ത് കഥ പറയാൻ എത്തിയത്. എന്നാൽ ആ പ്രോജക്ടിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് കഴിഞ്ഞ ദിവസമാണ്. വിജയ് ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ പത്ത് മാസം മുമ്പ് വിജയ്യുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോയും വെങ്കട് പ്രഭു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു .
എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. മാനാട്, മങ്കാത്ത, ചെന്നൈ 600028, മാസ് എന്നീ ചിത്രങ്ങള് ഒരുക്കിയ സംവിധായകനാണ് വെങ്കട് പ്രഭു. വെങ്കട്ടും വിജയ്യും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ദളപതി 68ന്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. 2003 ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്ക്ക് ശേഷം വിജയ്–യുവൻ ശങ്കർ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്.
ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ടൈം ട്രാവൽ ചിത്രം മാനാട് വലിയ വിജയമായിരുന്നു. നാഗ ചൈതന്യ നായകനായെത്തിയ കസ്റ്റഡി എന്നീ സിനിമകളാണ് വെങ്കട്ടിന്റെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ. നിലവിൽ ലോകേഷ് കനരാജിന്റെ ലിയോയിലാണ് വിജയ് അഭിനയിക്കുന്നത്. ഇതിന് ശേഷം ദളപതി 68ൽ ജോയിൻ ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.