ആരാധകർക്ക് പുതുവർഷ സമ്മാനവുമായി ദളപതി വിജയ് യുടെ 68-ാമത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വെങ്കിട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്നാണ്. ചിത്രം ഒരു ടൈം ട്രാവൽ ജോണർ ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
ശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, മീനാക്ഷി ചൗധരി, സ്നേഹ, ലൈല, വി.ടി.വി ഗണേഷ്, എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രം കൂടിയാണിത്.
വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ 1500 കുടുംബങ്ങൾക്ക് സഹായഹസ്തവുമായി വിജയ് എത്തിയിരുന്നു. തിരുനൽവേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് വിജയ് നേരിട്ടെത്തി സഹായം നൽകിയത്. ഇരുപ്രദേശങ്ങളിലെയും വെള്ളപ്പൊക്കം മൂലം ജീവിതം ദുസഹമായ 750 കുടുംബങ്ങളെ വിജയ്യുടെ ഫാൻസ് അസോസിയേഷനാണ് തിരഞ്ഞെടുത്തത്.