തന്റെ ജന്മദിനാഘോഷങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കത്തിനിടെ ഷോക്കേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തിന് ആശ്വാസവുമായി നടൻ സൂര്യ. വിഡിയോ കോൾ വഴി സൂര്യ മരണമടഞ്ഞ ആരാധകരുടെ കുടുംബവുമായി ബന്ധപ്പെട്ടു. കുടുംബത്തിന്റെ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് മരണമടഞ്ഞവരുടെ അമ്മമാരോട് അദ്ദേഹം പറഞ്ഞു. കൂടാതെ അവരുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഉറപ്പായും കുടുംബത്തിലുള്ളവരെ നേരിൽ വന്ന് കാണുമെന്നും സൂര്യ ഉറപ്പു നൽകി.
ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. സൂര്യയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഫ്ലെക്സ് സ്ഥാപിക്കാനുള്ള ഒരുക്കത്തിനിടെയാണ് ആരാധകർക്ക് വൈദ്യുതാഘാതമേറ്റത്. ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടി ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളാണ്.
അതേസമയം ഷോക്കേറ്റ് മരണമടഞ്ഞ യുവാക്കളുടെ കുടുംബത്തോട് സൂര്യ വീഡിയോ കോളിലൂടെ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. യുവാവിന്റെ സഹോദരിയോട് ഒരു സഹോദരനായി തന്നെ കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും വിഡിയോ കോളിൽ സൂര്യ പറയുന്നുണ്ട്.