സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം അവസാന ഘട്ടത്തിലേക്ക് കടന്നു. ഓഗസ്റ്റ് 16നാണ് പുരസ്കാര പ്രഖ്യാപനം നടക്കുക. മത്സരം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ ജൂറി ചൂടുപിടിച്ച ചർച്ചയിലാണ്. മികച്ച നടനും ചിത്രത്തിനുമായി കടുത്ത പോരാട്ടമാണ് നടക്കുന്നത്.
ജിയോ ബേബി സംവിധാനം ചെയ്‌ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്‌ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കായി കടുത്ത പോരാട്ടം നടത്തുന്നത്. അതോടൊപ്പം ഈ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മമ്മൂട്ടിയും പൃഥ്വിരാജും തമ്മിൽ മികച്ച നടനുള്ള മത്സരവും നടക്കുന്നുണ്ട്.
ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരത്തിലുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.
നാളേയ്ക്കകം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്ക്രീനിങ് പൂർത്തിയാക്കി ഓഗസ്‌റ്റ് 16ന് തന്നെ പുരസ്‌കാര പ്രഖ്യാപനം നടത്താനാണ് ചലച്ചിത്ര അക്കാദമി ആലോചിക്കുന്നത്. എന്നാൽ ഏതെങ്കിലും ചിത്രങ്ങൾ ഒന്നുകൂടി കണ്ട് വിലയിരുത്തണമെന്ന് ജൂറി തീരുമാനിച്ചാൽ പ്രഖ്യാപനം പിന്നെയും നീളും.