കുറച്ച് നാളുകൾക്ക് മുൻപ് സംവിധായകൻ രാം ഗോപാൽ വർമ ഒരു മലയാളി മോഡലിനെ അന്വേഷിച്ച് നടന്നത് വൈറൽ ആയിരുന്നു. റീലുകളിലൂടെ ശ്രദ്ധ നേടിയ മോഡൽ ആണ് ശ്രീലക്ഷ്മി. എന്നാൽ ഇപ്പോഴിതാ ശ്രീലക്ഷ്മി ഫോട്ടോ സ്വന്തം ഓഫിസിന്റെ ചുവരിൽ പ്രിന്റ് ചെയ്ത് വച്ച് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് രാം ഗോപാൽ വർമ. ഹൈദരാബാദുള്ള രാം ഗോപാൽ വര്‍മയുടെ ഡെൻ എന്ന ഓഫിസിലാണ് ശ്രീലക്ഷ്മിയുടെ ഫോട്ടോ തന്റെ സിനിമയിലെ നായികമാരുടെ ചിത്രങ്ങൾക്കൊപ്പം പ്രിന്റ് ചെയ്ത് വച്ചിരിക്കുന്നത്.
മാത്രമല്ല, ശ്രീലക്ഷ്മിയുടെ വൈറൽ ഫോട്ടോഷൂട്ടിന്റെ ഫൊട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവ് കഴിഞ്ഞ ദിവസം ഹൈദരാബാദെത്തി രാം ഗോപാൽ വർമയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രാം ഗോപാൽ വർമയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അഘോഷ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഇതിഹാസ സംവിധായകനൊപ്പം ഒരു ദിവസം ചിലവഴിക്കാൻ സാധിച്ചു. പറയാൻ വാക്കുകളില്ല. നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം.
എന്നാൽ എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു അവിടെ. അദ്ദേഹത്തിന്റെ ഓഫിസിലെ പുതിയ സ്ഥലത്ത് കൂട്ടികൊണ്ടുപോയി ലൈറ്റുകൾ ഓണ്‍ ചെയ്തപ്പോൾ അഘോഷ് വൈഷ്ണവം ഫോട്ടോഗ്രഫി പ്രിന്റ് ചെയ്തിരിക്കുന്നത് കാണാൻ കഴിഞ്ഞു. ശ്രീലക്ഷ്മി, ഡെൻ ഓഫിസിൽ നിന്റെ ചിത്രം ഉൾപ്പെടുത്തിയതു തന്നെ നീ ഭാഗ്യവതിയായതുകൊണ്ടാണ്. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്നും അഘോഷ് കുറിച്ചു.