പരിമിതികളെ മറികടന്ന് വിദ്യാർത്ഥികളുടെ പോരാട്ടം. വുഡ് ലെം പാർക്ക് അജ്മാൻ അൽ ജറഫ് സ്കൂളിലെ ഇൻക്ലൂഷൻ വിഭാഗം കായികമേള ശ്രദ്ധേയമായി. വിവിധ മത്സരങ്ങളിലായി വാശിയേറിയ പോരാട്ടമാണ് നടന്നത്. നിശ്ചദാർഢ്യമുളള കുട്ടികളിലെ നിരവധി പ്രതിഭകൾ കായിക ഇനങ്ങളിൽ മാറ്റുരച്ചു. 2023-24 അധ്യയന വർഷത്തെ കായികമേളയുടെ ഭാഗമായായിരുന്നു മത്സരങ്ങൾ.
കായിക മേള അജ്മാൻ ക്ലബ് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് ബോർഡ് മെമ്പർ സയീദ് മുഹമ്മദ് അൽ മഹ്റി ഉദ്ഘാടനം ചെയ്തു. മേളയെ ‘ബിയോണ്ട് ബോണ്ട്'( Beyond Bond) എന്ന് വിശേഷിപ്പിച്ചായിരുന്നു ഉദ്ഘാടനം. പ്രിൻസിപ്പൽ ശ്രീമതി പ്രണതി മസുംദാർ മുഖ്യസന്ദേശം നൽകി. കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ച് നടത്തുകയുമാണ് മേളയുടെ ലക്ഷ്യമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
കുട്ടികൾക്കായി സിഗ്സാഗ് റൈസ്, ഷട്ടിൽ റൺ, ബാസ്കറ്റ് ബോൾ, ഹിറ്റ് ദി ടാർജെറ്റ് തുടങ്ങി വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. പരിമിതികൾക്ക് അപ്പുറത്തേക്ക് വിദ്യാർത്ഥികൾക്ക് പറന്നുയരാൻ ഇൻക്ലൂഷൻ വിഭാഗം അധ്യാപകരും കൈകോർത്തു. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൻ്റെ സഹകരണത്തോടെയാണ് കായികമേള നടന്നത്.
വൈസ് പ്രിൻസിപ്പൽ, ഇൻക്ലൂഷൻ വിഭാഗം മേധാവി ശ്രിമതി ഫർഹാത് തുടങ്ങിയവർ സംസാരിച്ചു. മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.