ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയ മിര്‍സ മക്കയിൽ തീർഥാടനത്തിനെത്തി. മകന് ഇഷാന് മിര്‍സ മാലിക്കിനും മറ്റു കുടുംബാംഗങ്ങൾക്കും ഒപ്പമാണ് സാനിയ മിർസ ഉംറ നിർവഹിക്കാനെത്തിയത്. തൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സാനിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
മദീനയിലെ പ്രവാചകൻ്റെ പള്ളി മസ്ജിദുന്നബവയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ദൈവത്തിനു നന്ദി എന്നാണു മകനെ ചേർത്തുപിടിച്ച ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. കൂടാതെ രാത്രി സമയങ്ങളിലെ പ്രാർഥനകളാണ് മികച്ചതെന്നും ഹൃദയം കരഞ്ഞു തേടുന്ന സമാധാനം ഈ റമദാൻ നൽകട്ടെയെന്നും വ്യത്യസ്ത സ്റ്റോറികളില്‍ സാനിയ കുറിച്ചു.
കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പിലായിരുന്നു സാനിയയുടെ അവസാന മത്സരം നടന്നത്. 2022 തുടക്കത്തിൽ സാനിയ കളിനിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. 2022 സീസൺ അവസാനിക്കുമ്പോൾ വിരമിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, യുഎസ് ഓപ്പണിന് തൊട്ടുമുന്‍പ് കാൽമുട്ടിനു പരുക്കേറ്റതോടെ വിരമിക്കല്‍ നീളുകയായിരുന്നു.
കഴിഞ്ഞ ജനുവരി 26ന് ഓസ്ട്രേലിയന്‍ ഓപ്പണിലാണ് ഗ്രാന്‍ഡ്സ്ലാം കരിയറിന് സാനിയ വിരാമമിട്ടത്. രോഹണ്‍ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ കിരീടത്തിലൂടെ കരിയര്‍ അവസാനിപ്പിക്കാനുള്ള മോഹങ്ങള്‍ ഫൈനലില്‍ ബ്രസീലിൻ്റെ ലൂയിസ സ്റ്റെഫാനി –റാഫേല്‍ മാറ്റോസ് സഖ്യം തകർത്തുകളഞ്ഞിരുന്നു.